Wednesday, December 22, 2010

ചൈനയെ രക്ഷിക്കാന്‍ ഗോസോ വരുന്നേ..

ഹോ ഇനി ഒന്നും പേടിക്കാനില്ല. സാമ്രാജ്യത്വ ശക്തികളുടെ കുതന്ത്രങ്ങള്‍ എല്ലാം ഇതാ തോറ്റു തുന്നം പാടാന്‍ പോകുന്നു. അല്ലെങ്കില്‍തന്നെ പാശ്ചാത്യരുടെ വകയായ ഗൂഗിളിനെയും യാഹുവിനെയുമൊക്കെ എത്രകാലമാണ് ജനകീയ ചൈന സഹിക്കുക. അഭിപ്രായസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യത്വ സങ്കല്‍പ്പങ്ങളെ ഒക്കെ വേരോടെ പിഴുതെറിഞ്ഞെങ്കില്‍ മാത്രമേ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമുള്ള ഒരു സമത്വ സുന്ദര ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂ. എതിര്‍ക്കുന്ന എതവനെയും പിടിച്ചു ജയിലില്‍ ഇടാം. അവനു നോബല്‍ സമ്മാനമോ, ഓസ്കാര്‍ അവാര്‍ഡോ, എന്തെങ്കിലും കൊടുക്കണമെങ്കില്‍ നമ്മളോട് വന്ന് ചോദിക്കട്ടെ. ആലോചിക്കാം. പത്രങ്ങളെയും ചാനല്‍ക്കാരെയും ഒക്കെ നമുക്ക്‌ നിരോധിക്കാം. പക്ഷേ ഈ ഇന്റര്‍നെറ്റ് എന്നുപറയുന്ന കുന്ത്രാണ്ടത്തിന്റെ മൂക്കുകയര്‍ ഇടാനാണ് പാട്. സത്യത്തില്‍ ഈ ഇന്റര്‍നെറ്റ് എന്നു പറയുന്നതുതന്നെ കുത്തക മുതലാളിത്ത സംസ്കാരത്തിന്റെ സൃഷ്ടിയല്ലേ? അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമോചനത്തിന് ഇന്റര്‍നെറ്റ് കൊണ്ട് എന്തുപയോഗമാണുള്ളത്? അതിനു വേണ്ടത് ചാനലും ലോട്ടറിയും വാട്ടര്‍ തീംപാര്‍ക്കും പിന്നെ കോളേജുകള്‍ തള്ളിപ്പൊളിക്കാന്‍ ചങ്കുറപ്പുള്ള ഒരു യുവതലമുറയുമാണ്.

നമ്മുടെ പൌരന്മാര്‍ നമ്മുടെ സര്‍ക്കാരിനെതിരെയുള്ള സംഭവങ്ങള്‍ സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിച്ചാല്‍ പിന്നെ ഈ രാജ്യത്തിന്റെ ഗതി എന്താകും? ടിയാനന്‍മെന്‍ സ്ക്വയര്‍ എന്നു സേര്‍ച്ച്‌ ചെയ്‌താല്‍ വരുന്നത് സുന്ദര സുരഭിലമായ ടിയാനന്‍മെന്‍ സ്ക്വയര്‍ ആയിരിക്കണം. അല്ലാതെ പണ്ടെന്നോ നടന്ന ഒരു വിദ്യാര്‍ഥി സമരത്തിന്‍റെ ഫോട്ടോകള്‍ ആയിരിക്കരുത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. എല്ലാം സി.ഐ.എ., മൊസാദ്, റോ തുടങ്ങിയ വിദേശചാര സംഘടനകളുടെ ഒത്തുകളിയായിരുന്നു.



എന്തായാലും ഇനിയിപ്പോ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു. ഇനിമുതല്‍ ആരും ഈ ജനകീയ ചൈനയില്‍ ഗൂഗിളിലും യാഹുവിലുമൊന്നും സേര്‍ച്ച്‌ ചെയ്യാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന് നമ്മുടെ സ്വന്തം സേര്‍ച്ച്‌ എന്‍ജിന്‍ ഉള്ള സ്ഥിതിക്ക് ഇതില്‍ സേര്‍ച്ച്‌ ചെയ്യാത്ത രാജ്യദ്രോഹികളെ മുഴുവന്‍ അമേരിക്കന്‍ ചാരന്മാരായി കണക്കാക്കുന്നതായിരിക്കും. മാത്രമല്ല, മറ്റു രാജ്യങ്ങളിലുള്ള നമ്മുടെ അനുഭാവികളെ മുഴുവന്‍ ഇതിനായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തൊഴിലാളിവര്‍ഗ സേര്‍ച്ച്‌ എന്‍ജിന്‍ പ്രചരിപ്പിക്കേണ്ടത് വിപ്ലവപ്രസ്ഥാനങ്ങളുടെ കടമയാണ്.

തിബെറ്റ്‌ എന്നു സേര്‍ച്ച്‌ ചെയ്യുന്നവരെ കാണിക്കാന്‍ തിബറ്റിലെ മനോഹരമായ പാലങ്ങള്‍, ട്രെയിനുകള്‍, പുഞ്ചിരിക്കുന്ന തിബറ്റന്‍ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങളുടെ ഒരു ഫോട്ടോഗാലറി തയ്യാറാക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ്‌ എന്നു സേര്‍ച്ച്‌ ചെയ്യുന്നവരെ ഓട്ടോമാറ്റിക്കായി സതേണ്‍ തിബറ്റ് എന്ന പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്നതായിരിക്കും. വിപ്ലവം ജയിക്കട്ടെ.

3 comments:

  1. ഇനിമുതല്‍ ആരും ഈ ജനകീയ ചൈനയില്‍ ഗൂഗിളിലും യാഹുവിലുമൊന്നും സേര്‍ച്ച്‌ ചെയ്യാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന് നമ്മുടെ സ്വന്തം സേര്‍ച്ച്‌ എന്‍ജിന്‍ ഉള്ള സ്ഥിതിക്ക് ഇതില്‍ സേര്‍ച്ച്‌ ചെയ്യാത്ത രാജ്യദ്രോഹികളെ മുഴുവന്‍ അമേരിക്കന്‍ ചാരന്മാരായി കണക്കാക്കുന്നതായിരിക്കും.

    ReplyDelete
  2. വിപ്ലവം ജയിക്കട്ടെ

    ReplyDelete
  3. വിപ്ലവം ജയിക്കട്ടെ, മനുഷ്യന്‍ തോല്‍ക്കട്ടെ !

    ReplyDelete