Wednesday, December 22, 2010

ചൈനയെ രക്ഷിക്കാന്‍ ഗോസോ വരുന്നേ..

ഹോ ഇനി ഒന്നും പേടിക്കാനില്ല. സാമ്രാജ്യത്വ ശക്തികളുടെ കുതന്ത്രങ്ങള്‍ എല്ലാം ഇതാ തോറ്റു തുന്നം പാടാന്‍ പോകുന്നു. അല്ലെങ്കില്‍തന്നെ പാശ്ചാത്യരുടെ വകയായ ഗൂഗിളിനെയും യാഹുവിനെയുമൊക്കെ എത്രകാലമാണ് ജനകീയ ചൈന സഹിക്കുക. അഭിപ്രായസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യത്വ സങ്കല്‍പ്പങ്ങളെ ഒക്കെ വേരോടെ പിഴുതെറിഞ്ഞെങ്കില്‍ മാത്രമേ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമുള്ള ഒരു സമത്വ സുന്ദര ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂ. എതിര്‍ക്കുന്ന എതവനെയും പിടിച്ചു ജയിലില്‍ ഇടാം. അവനു നോബല്‍ സമ്മാനമോ, ഓസ്കാര്‍ അവാര്‍ഡോ, എന്തെങ്കിലും കൊടുക്കണമെങ്കില്‍ നമ്മളോട് വന്ന് ചോദിക്കട്ടെ. ആലോചിക്കാം. പത്രങ്ങളെയും ചാനല്‍ക്കാരെയും ഒക്കെ നമുക്ക്‌ നിരോധിക്കാം. പക്ഷേ ഈ ഇന്റര്‍നെറ്റ് എന്നുപറയുന്ന കുന്ത്രാണ്ടത്തിന്റെ മൂക്കുകയര്‍ ഇടാനാണ് പാട്. സത്യത്തില്‍ ഈ ഇന്റര്‍നെറ്റ് എന്നു പറയുന്നതുതന്നെ കുത്തക മുതലാളിത്ത സംസ്കാരത്തിന്റെ സൃഷ്ടിയല്ലേ? അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമോചനത്തിന് ഇന്റര്‍നെറ്റ് കൊണ്ട് എന്തുപയോഗമാണുള്ളത്? അതിനു വേണ്ടത് ചാനലും ലോട്ടറിയും വാട്ടര്‍ തീംപാര്‍ക്കും പിന്നെ കോളേജുകള്‍ തള്ളിപ്പൊളിക്കാന്‍ ചങ്കുറപ്പുള്ള ഒരു യുവതലമുറയുമാണ്.

നമ്മുടെ പൌരന്മാര്‍ നമ്മുടെ സര്‍ക്കാരിനെതിരെയുള്ള സംഭവങ്ങള്‍ സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിച്ചാല്‍ പിന്നെ ഈ രാജ്യത്തിന്റെ ഗതി എന്താകും? ടിയാനന്‍മെന്‍ സ്ക്വയര്‍ എന്നു സേര്‍ച്ച്‌ ചെയ്‌താല്‍ വരുന്നത് സുന്ദര സുരഭിലമായ ടിയാനന്‍മെന്‍ സ്ക്വയര്‍ ആയിരിക്കണം. അല്ലാതെ പണ്ടെന്നോ നടന്ന ഒരു വിദ്യാര്‍ഥി സമരത്തിന്‍റെ ഫോട്ടോകള്‍ ആയിരിക്കരുത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. എല്ലാം സി.ഐ.എ., മൊസാദ്, റോ തുടങ്ങിയ വിദേശചാര സംഘടനകളുടെ ഒത്തുകളിയായിരുന്നു.



എന്തായാലും ഇനിയിപ്പോ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു. ഇനിമുതല്‍ ആരും ഈ ജനകീയ ചൈനയില്‍ ഗൂഗിളിലും യാഹുവിലുമൊന്നും സേര്‍ച്ച്‌ ചെയ്യാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന് നമ്മുടെ സ്വന്തം സേര്‍ച്ച്‌ എന്‍ജിന്‍ ഉള്ള സ്ഥിതിക്ക് ഇതില്‍ സേര്‍ച്ച്‌ ചെയ്യാത്ത രാജ്യദ്രോഹികളെ മുഴുവന്‍ അമേരിക്കന്‍ ചാരന്മാരായി കണക്കാക്കുന്നതായിരിക്കും. മാത്രമല്ല, മറ്റു രാജ്യങ്ങളിലുള്ള നമ്മുടെ അനുഭാവികളെ മുഴുവന്‍ ഇതിനായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തൊഴിലാളിവര്‍ഗ സേര്‍ച്ച്‌ എന്‍ജിന്‍ പ്രചരിപ്പിക്കേണ്ടത് വിപ്ലവപ്രസ്ഥാനങ്ങളുടെ കടമയാണ്.

തിബെറ്റ്‌ എന്നു സേര്‍ച്ച്‌ ചെയ്യുന്നവരെ കാണിക്കാന്‍ തിബറ്റിലെ മനോഹരമായ പാലങ്ങള്‍, ട്രെയിനുകള്‍, പുഞ്ചിരിക്കുന്ന തിബറ്റന്‍ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങളുടെ ഒരു ഫോട്ടോഗാലറി തയ്യാറാക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ്‌ എന്നു സേര്‍ച്ച്‌ ചെയ്യുന്നവരെ ഓട്ടോമാറ്റിക്കായി സതേണ്‍ തിബറ്റ് എന്ന പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്നതായിരിക്കും. വിപ്ലവം ജയിക്കട്ടെ.

Monday, December 20, 2010

9/11 കൈകഴുകുന്നവര്‍ കാണേണ്ടത്

3000-ലേറെ പേരുടെ മരണത്തിന് കാരണമായ സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിലൂടെ മനുഷ്യരാശിയെ ഞെട്ടിച്ച അല്‍ ക്വയ്ദയെയും അന്തര്‍ദ്ദേശീയ ഭീകരപ്രസ്ഥാനങ്ങളെയും കുറ്റവിമുക്തമാക്കാനും വെള്ളപൂശാനും ശ്രമിക്കുന്നവര്‍ ഇതുപോലെയുള്ള ചിത്രങ്ങള്‍ കൂടി നശിപ്പിച്ചുകളയാന്‍ എന്തെങ്കിലും വഴി ആലോചിക്കുന്നത് നന്നായിരിക്കും.

പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ?

Saturday, December 18, 2010

നസ്രാണികളെ എന്തൊക്കെ വിളിക്കാം?

കാഞ്ഞിരപ്പള്ളി രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ചാവറപ്പുഴ ജെയിംസച്ചന്‍ അദ്ദേഹത്തിന്റെ മാര്‍ഗം എന്ന ബ്ലോഗില്‍ ഇട്ട "RC യും നസ്രാണിയും" എന്ന പോസ്റ്റിനോടുള്ള വിയോജനക്കുറിപ്പാണ് ഇത്. അദ്ദേഹം ഇങ്ങനെയാണ് അഭിപ്രായപ്പെടുന്നത്.

"കാഞ്ഞിരപ്പള്ളി, എറണാകുളം etc... രൂപതകളില്‍ എങ്ങിനെയാണ്‌ റോമന്‍ കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ടാവുക? പുരാതന കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ട്‌. പക്ഷേ അവരെങ്ങിനെ റോമന്‍ കത്തോലിക്കരാകും? പ്രസ്തുത രൂപതകളില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ (സീറോ മലബാര്‍ കത്തോലിയ്ക്കര്‍) ആണുള്ളത്‌."
"എന്നാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാ ക്രമത്തില്‍ ജീവിക്കുന്നവരാണ്‌ റോമന്‍ കത്തോലിക്കര്‍."
"ഒരു സുറിയാനി ക്രിസ്ത്യാനിയ്ക്കു ഒരിക്കലും റോമന്‍ കത്തോലിയ്ക്കനാവാന്‍ കഴിയില്ല. പക്ഷേ കത്തോലിയ്ക്കനാവാം."
ഒരു വൈദികനായ ജെയിംസച്ചന്‍ ഇത്തരത്തിലുള്ള ബാലിശമായ വാദഗതികള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം എന്നാണ് ഒരു സഭാംഗം എന്ന നിലയില്‍ എന്റെ വിനീതമായ അപേക്ഷ.

റോം ആസ്ഥാനമാക്കിയിട്ടുള്ള കത്തോലിക്കാസഭ എന്ന അര്‍ത്ഥത്തിലാണ്‌ റോമന്‍ കത്തോലിക്കാ സഭ എന്നു പറയുന്നത്. അതായത്‌ റോമന്‍ പാത്രീയര്‍ക്കീസായ മാര്‍പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് റോമന്‍ കത്തോലിക്കര്‍ എന്നു പറയുന്നത്. അതില്‍ തെറ്റൊന്നുമില്ല. മാര്‍പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കാത്ത പല സഭകളും സ്വയം കത്തോലിക്കര്‍ എന്ന് അവകാശപ്പെടാറുണ്ട്. ഉദാഹരണത്തിന് ആംഗ്ലിക്കന്‍ കത്തോലിക്കാസഭ എന്നൊരു സഭയുണ്ട്. ആംഗ്ലിക്കന്‍സിലെ ഒരു വിഭാഗമായ അവര്‍ പേപ്പല്‍ അധികാരത്തെ അംഗീകരിക്കുന്നില്ല. കത്തോലിക്കാസഭയിലെ വിവിധ വ്യക്തിസഭകളില്‍ പെടുന്ന ഏവരെയും പൊതുവില്‍ റോമന്‍ കത്തോലിക്കര്‍ എന്നു വിളിക്കാം. ലത്തീന്‍ സഭയെ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയെന്നു വിളിക്കാന്‍ കഴിയൂ എന്ന ചിന്ത തെറ്റാണ്.

ഫാ. ജോണ്‍ ഹാര്‍ഡോണിന്റെ Modern Catholic Dictionaryയില്‍ ഇപ്രകാരമാണ് പറയുന്നത്:
Roman Catholicism:

The faith, worship, and practice of all Christians in communion with the Bishop of Rome, whom they acknowledge as the Vicar of Christ and the visible head of the Church founded by Christ. The terms "Roman Church" and "Roman Catholic Church" date from at least the early Middle Ages, but the stress on these terms became prominent after the Protestant Reformation. The reason was to emphasize the distinctive quality of being not only a Christian, because baptized, but of being a Catholic, because in communion with the Pope.
ഇറ്റലിയിലെ മിലാനില്‍ അംബ്രോസിയന്‍ ആരാധനക്രമമാണ് ഉപയോഗിക്കുന്നത്. എന്നുകരുതി മിലാനിലെ കത്തോലിക്കരെ അംബ്രോസിയന്‍ കത്തോലിക്കരെന്നോ മിലാനിയന്‍ കത്തോലിക്കരെന്നോ വിളിക്കാറില്ല, റോമന്‍ കത്തോലിക്കര്‍ എന്നേ വിളിക്കാറുള്ളൂ. മൊസറാബിക് എന്ന പേരില്‍ മറ്റൊരു ആരാധനാക്രമം സ്പെയിനിലും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യയുടെ ഭാഗമാണ് കേരളം എന്നതുപോലെയാണ് റോമന്‍ കത്തോലിക്കാസഭയും സീറോ-മലബാര്‍ സഭയും. റോമന്‍ കത്തോലിക്കാസഭയിലെ ഇരുപതിലേറെ വരുന്ന വ്യക്തിസഭകളില്‍ ഒന്നാണ് സീറോ-മലബാര്‍ സഭ. കേരളീയനായ ഒരാളെ ഇന്ത്യാക്കാരനെന്നും വിളിക്കാവുന്നതുപോലെ സീറോ മലബാര്‍ സഭാംഗമായ ഒരാളെ റോമന്‍ കത്തോലിക്കന്‍ എന്നും വിളിക്കാം. കേരളീയനായ ഒരാള്‍ വിദേശത്തു സഞ്ചരിക്കുമ്പോള്‍ "എവിടെ നിന്നാണ്?" എന്നു ചോദിച്ചാല്‍ "ഇന്ത്യയില്‍ നിന്ന്" എന്നാവും ഉത്തരം. കൂടുതല്‍ വിശദീകരണം വേണ്ടിവന്നാല്‍ "ഇന്ത്യയിലെ കേരളത്തില്‍ നിന്ന്" എന്നും പറയാം. ഇതുപോലെയാണ്‌ RC എന്നു പറഞ്ഞിട്ട് RCSC എന്നു വിശദീകരിക്കുന്നതും.

അതേ സമയം മാര്‍ത്തോമ്മാ നസ്രാണിസഭ എന്ന പേരിനെ ഞാന്‍ ശക്തമായി പിന്തുണയ്ക്കുന്നു. സീറോമലബാര്‍ സഭയുടെ പേര് ഔദ്യോഗികമായി മാര്‍ത്തോമ്മാ നസ്രാണിസഭ എന്നാക്കണം എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ നസ്രാണി പാരമ്പര്യം ഉള്ളവര്‍ കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ രണ്ടു വ്യത്യസ്ത വ്യക്തിസഭകളായി (സീറോ മലബാര്‍, സീറോ മലങ്കര) ഭിന്നിച്ചു നില്‍ക്കുകയാണല്ലോ. ഈ രണ്ടു സഭകളെയും ഒന്നാക്കുകയല്ലേ ആദ്യം വേണ്ടത്‌? അതിനു വേണ്ടത് രണ്ടു സുറിയാനി ആരാധനാക്രമങ്ങളില്‍ (കല്‍ദായ, അന്ത്യോക്യന്‍) ഏതാണ് നസ്രാണികള്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത് എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെടണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനു സാധിക്കുന്നില്ല എന്നുമാത്രം.