Saturday, December 18, 2010

നസ്രാണികളെ എന്തൊക്കെ വിളിക്കാം?

കാഞ്ഞിരപ്പള്ളി രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ചാവറപ്പുഴ ജെയിംസച്ചന്‍ അദ്ദേഹത്തിന്റെ മാര്‍ഗം എന്ന ബ്ലോഗില്‍ ഇട്ട "RC യും നസ്രാണിയും" എന്ന പോസ്റ്റിനോടുള്ള വിയോജനക്കുറിപ്പാണ് ഇത്. അദ്ദേഹം ഇങ്ങനെയാണ് അഭിപ്രായപ്പെടുന്നത്.

"കാഞ്ഞിരപ്പള്ളി, എറണാകുളം etc... രൂപതകളില്‍ എങ്ങിനെയാണ്‌ റോമന്‍ കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ടാവുക? പുരാതന കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ട്‌. പക്ഷേ അവരെങ്ങിനെ റോമന്‍ കത്തോലിക്കരാകും? പ്രസ്തുത രൂപതകളില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ (സീറോ മലബാര്‍ കത്തോലിയ്ക്കര്‍) ആണുള്ളത്‌."
"എന്നാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാ ക്രമത്തില്‍ ജീവിക്കുന്നവരാണ്‌ റോമന്‍ കത്തോലിക്കര്‍."
"ഒരു സുറിയാനി ക്രിസ്ത്യാനിയ്ക്കു ഒരിക്കലും റോമന്‍ കത്തോലിയ്ക്കനാവാന്‍ കഴിയില്ല. പക്ഷേ കത്തോലിയ്ക്കനാവാം."
ഒരു വൈദികനായ ജെയിംസച്ചന്‍ ഇത്തരത്തിലുള്ള ബാലിശമായ വാദഗതികള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം എന്നാണ് ഒരു സഭാംഗം എന്ന നിലയില്‍ എന്റെ വിനീതമായ അപേക്ഷ.

റോം ആസ്ഥാനമാക്കിയിട്ടുള്ള കത്തോലിക്കാസഭ എന്ന അര്‍ത്ഥത്തിലാണ്‌ റോമന്‍ കത്തോലിക്കാ സഭ എന്നു പറയുന്നത്. അതായത്‌ റോമന്‍ പാത്രീയര്‍ക്കീസായ മാര്‍പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് റോമന്‍ കത്തോലിക്കര്‍ എന്നു പറയുന്നത്. അതില്‍ തെറ്റൊന്നുമില്ല. മാര്‍പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കാത്ത പല സഭകളും സ്വയം കത്തോലിക്കര്‍ എന്ന് അവകാശപ്പെടാറുണ്ട്. ഉദാഹരണത്തിന് ആംഗ്ലിക്കന്‍ കത്തോലിക്കാസഭ എന്നൊരു സഭയുണ്ട്. ആംഗ്ലിക്കന്‍സിലെ ഒരു വിഭാഗമായ അവര്‍ പേപ്പല്‍ അധികാരത്തെ അംഗീകരിക്കുന്നില്ല. കത്തോലിക്കാസഭയിലെ വിവിധ വ്യക്തിസഭകളില്‍ പെടുന്ന ഏവരെയും പൊതുവില്‍ റോമന്‍ കത്തോലിക്കര്‍ എന്നു വിളിക്കാം. ലത്തീന്‍ സഭയെ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയെന്നു വിളിക്കാന്‍ കഴിയൂ എന്ന ചിന്ത തെറ്റാണ്.

ഫാ. ജോണ്‍ ഹാര്‍ഡോണിന്റെ Modern Catholic Dictionaryയില്‍ ഇപ്രകാരമാണ് പറയുന്നത്:
Roman Catholicism:

The faith, worship, and practice of all Christians in communion with the Bishop of Rome, whom they acknowledge as the Vicar of Christ and the visible head of the Church founded by Christ. The terms "Roman Church" and "Roman Catholic Church" date from at least the early Middle Ages, but the stress on these terms became prominent after the Protestant Reformation. The reason was to emphasize the distinctive quality of being not only a Christian, because baptized, but of being a Catholic, because in communion with the Pope.
ഇറ്റലിയിലെ മിലാനില്‍ അംബ്രോസിയന്‍ ആരാധനക്രമമാണ് ഉപയോഗിക്കുന്നത്. എന്നുകരുതി മിലാനിലെ കത്തോലിക്കരെ അംബ്രോസിയന്‍ കത്തോലിക്കരെന്നോ മിലാനിയന്‍ കത്തോലിക്കരെന്നോ വിളിക്കാറില്ല, റോമന്‍ കത്തോലിക്കര്‍ എന്നേ വിളിക്കാറുള്ളൂ. മൊസറാബിക് എന്ന പേരില്‍ മറ്റൊരു ആരാധനാക്രമം സ്പെയിനിലും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യയുടെ ഭാഗമാണ് കേരളം എന്നതുപോലെയാണ് റോമന്‍ കത്തോലിക്കാസഭയും സീറോ-മലബാര്‍ സഭയും. റോമന്‍ കത്തോലിക്കാസഭയിലെ ഇരുപതിലേറെ വരുന്ന വ്യക്തിസഭകളില്‍ ഒന്നാണ് സീറോ-മലബാര്‍ സഭ. കേരളീയനായ ഒരാളെ ഇന്ത്യാക്കാരനെന്നും വിളിക്കാവുന്നതുപോലെ സീറോ മലബാര്‍ സഭാംഗമായ ഒരാളെ റോമന്‍ കത്തോലിക്കന്‍ എന്നും വിളിക്കാം. കേരളീയനായ ഒരാള്‍ വിദേശത്തു സഞ്ചരിക്കുമ്പോള്‍ "എവിടെ നിന്നാണ്?" എന്നു ചോദിച്ചാല്‍ "ഇന്ത്യയില്‍ നിന്ന്" എന്നാവും ഉത്തരം. കൂടുതല്‍ വിശദീകരണം വേണ്ടിവന്നാല്‍ "ഇന്ത്യയിലെ കേരളത്തില്‍ നിന്ന്" എന്നും പറയാം. ഇതുപോലെയാണ്‌ RC എന്നു പറഞ്ഞിട്ട് RCSC എന്നു വിശദീകരിക്കുന്നതും.

അതേ സമയം മാര്‍ത്തോമ്മാ നസ്രാണിസഭ എന്ന പേരിനെ ഞാന്‍ ശക്തമായി പിന്തുണയ്ക്കുന്നു. സീറോമലബാര്‍ സഭയുടെ പേര് ഔദ്യോഗികമായി മാര്‍ത്തോമ്മാ നസ്രാണിസഭ എന്നാക്കണം എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ നസ്രാണി പാരമ്പര്യം ഉള്ളവര്‍ കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ രണ്ടു വ്യത്യസ്ത വ്യക്തിസഭകളായി (സീറോ മലബാര്‍, സീറോ മലങ്കര) ഭിന്നിച്ചു നില്‍ക്കുകയാണല്ലോ. ഈ രണ്ടു സഭകളെയും ഒന്നാക്കുകയല്ലേ ആദ്യം വേണ്ടത്‌? അതിനു വേണ്ടത് രണ്ടു സുറിയാനി ആരാധനാക്രമങ്ങളില്‍ (കല്‍ദായ, അന്ത്യോക്യന്‍) ഏതാണ് നസ്രാണികള്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത് എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെടണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനു സാധിക്കുന്നില്ല എന്നുമാത്രം.

2 comments:

  1. ഒരു വൈദികനായ ജെയിംസച്ചന്‍ ഇത്തരത്തിലുള്ള ബാലിശമായ വാദഗതികള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം എന്നാണ് ഒരു സഭാംഗം എന്ന നിലയില്‍ എന്റെ വിനീതമായ അപേക്ഷ.

    ReplyDelete
  2. പത്രോസു ചേട്ടാ,

    റോമും റോമൻ സഭയും ലത്തീൻ ക്രമവും ഉണ്ടാവുന്നതിനു മുൻപേ തന്നെ സുറീയാനിയും മലങ്കരയിലെ സുറീയാനിക്കാരും ഉണ്ടായിരുന്നു എന്നതിനു തർക്കമുണ്ടന്നു തോന്നുന്നില്ല.ആതുകൊണ്ടൂ തന്നെ സുറീയാനി കത്തോലിയ്ക്കർ എന്നു പറഞ്ഞാൽ തെറ്റില്ലല്ലോ. അതേസമയം നാം ഇന്ത്യയിലെ മാർത്തോമാ ക്രിസ്ത്യാനികൾ എന്നു തന്നെയാണ് അഭിസംബോധന ചെയ്യപ്പെട്ടീട്ടൂള്ളത്ല് പറങ്കികളുടെ വരവു വരെ. അതിനു ശേഷമാണ് സുറിയാനിക്കാർ എന്നു വിളിയ്ക്കപ്പെട്ടത്. മലങ്കര കത്തോലിയ്ക്കർ തങ്ങളെ ഒരിയ്ക്കലും റോമൻ കത്തോലിയ്ക്കർ എന്നു വിളിയ്ക്കാറില്ലല്ലോ. അതേ സമയം റീത്തിലെ വ്യത്യസ്തതയെ ഭിന്നതയായി കണക്കാക്കണ്ടതില്ല. സീറോമലബാറുകാരും മലങ്കരക്കാരും ഭിന്നിച്ചുനിൽക്കുന്നു എന്നതു താങ്കളുടെ കണ്ടുപിടുത്തമാണ്. അതേ സമയം സീറോമലബാറൂകാരും മലങ്കരക്കരും ലത്തീൻകാരും അവരുടെ ചരിത്രപരവും പൈതൃകപരവുമായ വ്യത്യസ്തതകളെ സംരക്ഷിച്ചുകൊണ്ട് ഒരുമിച്ചു നില്കുകയാണ് വേണ്ടത്. അതാണ് സഭ പഠിപ്പിയ്ക്കുന്നത്.

    ReplyDelete